തൃശ്ശൂര്‍: മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള ക്വാട്ട തികയ്ക്കാത്ത എഎസ്ഐ ക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യത. തൃശ്ശൂര്‍ കൺട്രോൾ റൂം സി.ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പുറത്ത് പ്രചരിപ്പിച്ചെന്ന് കാണിച്ചാവും പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പു തല നടപടി എടുക്കുക. സി.ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് എഎസ്ഐ മോഹനകുമാരൻ ഇന്ന് മറുപടി നൽകിയേക്കും.
കഴിഞ്ഞ പതിനാലിനാണ് മദ്യപിച്ച് വാഹനമോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥന് തൃശൂർ സിറ്റി കൺട്രോൾ റൂം സി ഐ ക്വാട്ട നിശ്ചയിച്ച് നൽകിയത്. ഒരാളെ മാത്രം പിടികൂടിയ മോഹനകുമാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നു കൺട്രോൾ റൂം സി ഐ ശൈലേഷ് കുമാർ കാരണം കാണിക്കൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് പുറത്തായതോടെ സംഭവം വിവാദമായെങ്കിലും നോട്ടീസ് പുറത്തുവിട്ടത് അച്ചടക്ക ലംഘനമാണെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ.