മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേർന്നു. ഏക്നാഥ് ഷിൻഡേ പാർട്ടി പതാക നൽകിയാണ് താരത്തെ സ്വീകരിച്ചത്. ഏക്നാഥ് ഷിൻഡേയ്ക്ക് ഒപ്പമാണ് ഗോവിന്ദ പാർട്ടി ഓഫീസിൽ ചേർന്നത്. 2004ലിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഗോവിന്ദ. മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2004ൽ കോൺഗ്രസ് ടിക്കറ്റിലാണ് ഗോവിന്ദ മത്സരിച്ചത്. അന്ന് മുംബൈ നോർത്ത് സീറ്റിൽ മുതിർന്ന ബിജെപി നേതാവ് രാം നായിക്കിന്റെ പരാജയപ്പെടുത്താനും താരത്തിന് സാധിച്ചു.എന്നാൽ, കോൺഗ്രസിൽ നിന്ന് പിന്നീട് അകന്ന ഗോവിന്ദ 2009ൽ മത്സരിക്കേണ്ട എന്ന തീരുമാനിക്കുകയായിരുന്നു. അതേസമയം, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് സാവിത്രിയുടെ ബിജെപി പ്രവേശനം. മകൾ സീമ ജിൻഡാലും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് മുൻ ഹരിയാന മന്ത്രി കൂടിയായ സാവിത്രി കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
10 വർഷക്കാലം ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ ഹരിയാന സംസ്ഥാനത്തെ നിസ്വാർത്ഥമായി സേവിച്ചുവെന്ന് എക്സിലെ പോസ്റ്റിൽ സാവിത്രി കുറിച്ചു. ഹിസാറിലെ ജനങ്ങൾ തന്റെ കുടുംബമാണ്. കുടുംബത്തിൻ്റെ ഉപദേശപ്രകാരം കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ് എന്നും അവർ കുറിച്ചു.
ഫോബ്‌സ് കണക്കുകൾ പ്രകാരം സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. 29.1 ബില്യൺ ഡോളർ ആസ്തിയുണ്ട് സാവിത്രി ജിൻഡാലിന്. അതായത് 24 ലക്ഷം കോടി രൂപ. ജിൻഡാൽ ഗ്രൂപ്പിൻ്റെ മുൻ ചെയർപേഴ്സണാണ് സാവിത്രി. വ്യവസായി ഓം പ്രകാശ് ജിൻഡാലിൻ്റെ മരണശേഷം, സാവിത്രി തൻ്റെ കുടുംബത്തിൻ്റെ ബിസിനസ് സാമ്രാജ്യമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിൻ്റെ (ജെഎസ്പിഎൽ) ചുമതല ഏറ്റെടുക്കുകയായിരുന്നു.