തൃശൂര്‍: ഗുരുവായൂര്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത വാർത്ത പുറത്തുവന്നിരുന്നു. ചൂല്‍പ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങില്‍ ചന്ദ്രശേഖരനെതിരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണന്‍ കേസെടുത്തത്. കൊലപാതകം സംബന്ധിച്ച വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കളായ ശിവനന്ദനയേയും ദേവനന്ദനയേും കൊലപ്പെടുത്തി ചന്ദ്രശേഖരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂത്ത കുട്ടിക്ക് കീടനാശിനി നല്‍കിയും ഇളയ കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കിയുമാണ് കൊന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദേവനന്ദന ഫാനില്‍ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ ലോഡ്ജ് ജീവനക്കാര്‍ വാതിലില്‍ തട്ടി വിളിക്കാന്‍ ശ്രമിച്ചു. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് ലോഡ്ജധികൃതര്‍ ടെമ്പിള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ചന്ദ്രശേഖരനെ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മൂത്ത കുട്ടി കീടനാശിനി അകത്ത് ചെന്നും ഇളയ കുട്ടി തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് പ്രകാരം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാക്കി. കൈ ഞരമ്പ് മുറിച്ച് കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ അമലയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലക്കുറ്റത്തിന് കേസെടുത്തതോടെ ചന്ദ്രശേഖരന് പൊലീസ് കാവലേര്‍പ്പെടുത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.