ചാരുംമൂട്: ചുനക്കരയില്‍ ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് യശോധരന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. ചുനക്കര സരളാലയത്തില്‍ യശോധരന്‍ (60), ഭാര്യ സരള (63) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്തും യശോധരനെ വീടിന് പുറത്ത് സ്റ്റെയര്‍കെയ്‌സില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് നേരം പുലര്‍ന്നതോടെയാണ് ദമ്പതികളുടെ മരണവാര്‍ത്ത നാട്ടുകാര്‍ അറിയുന്നത്. സ്‌പെഷ്യന്‍ വില്ലേജ് ഓഫീസറായി റിട്ടയര്‍ ചെയ്ത സരളയേയും ഭര്‍ത്താവ് യശോധരനും കഴിഞ്ഞ 8 വര്‍ഷമായി താമസിച്ചു വന്ന വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരു കൈകള്‍ക്കും വൈകല്യമുള്ള സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്താണ് കാണപ്പെട്ടത്. മാക്‌സിയായിരുന്നു വേഷം. പത്ത് മീറ്ററോളം അകലെ വീടിന് പുറത്ത് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച സ്റ്റെയര്‍കെയ്‌സില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു യശോധരന്‍. രാവിലെ തൊട്ടടുത്ത വീട്ടുകാര്‍ പശുവിനെ കെട്ടാന്‍ പോകുമ്പോളാണ് യശോധരന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വിവരം പറയാനായി ഭാര്യയെ വിളിക്കുമ്പോള്‍ ഇവരും അനക്കമില്ലാതെ പൂമുഖത്ത് കിടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും മരിച്ചതായി അറിയുന്നത്. നേരം പുലരുന്ന സമയം പാല് വാങ്ങി വരുമ്പോള്‍ യശോധരന്‍ വീടിനുമുന്നില്‍ ബീഡി വലിച്ചു നില്‍ക്കുന്നത് കണ്ടതായി അയല്‍വാസിയായ വീട്ടമ്മ പറഞ്ഞു.
സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായി 2017 ല്‍ റിട്ടയര്‍ ചെയ്ത കോതമംഗലം സ്വദേശിയ സരള 8 വര്‍ഷം മുമ്പാണ് വീടു വാങ്ങി ചുനക്കര സ്വദേശിയായ ഭര്‍ത്താവിനൊപ്പം താമസിച്ചു വന്നത്. ഇപ്പോള്‍ പെരുമ്പാവൂരിലുള്ള ഒരു മഠത്തില്‍ സരള ജോലിക്കു പോകുന്നുണ്ട്. ഇടയ്‌ക്കൊക്കെയാണ് വീട്ടില്‍ വരുന്നത്. ബുധനാഴ്ച വീട്ടില്‍ വന്ന ശേഷം പിന്നീട് പോയിട്ടില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ ഇടയ്‌ക്കൊക്കെ വഴക്കുണ്ടാകാറുള്ളതായും പുറത്തുള്ളവരോട് വലിയ സഹകരണമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. യശോധരന്റെ മൂന്നാം വിവാഹമാണ് സരളയുമായി നടന്നത്. ഇവര്‍ക്ക് കുട്ടികളില്ല. യശോധരന് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി മൂന്നു മക്കളുണ്ട്. മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന യശോധരന്‍ അസുഖം മൂലം ഒരു വര്‍ഷത്തിലധികമായി മദ്യപിക്കാറില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു.
കുറത്തികാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്സുമോര്‍ട്ടിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും, ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.