ദില്ലി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് വൻ അപകടം. സംഭവത്തില്‍ 12പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ മരണമാണ് ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചതെങ്കിലും 12പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തേക്ക് പോവുകയാണെന്നും 2പേര്‍ മരിച്ചതായാണ് വിവരമെന്നും മരണ സംഖ്യ സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് ജംതാര ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് അപകടമുണ്ടായത്.
യാത്രക്കാര്‍ സഞ്ചരിച്ച ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് കേട്ട് റെയില്‍വെ ട്രാക്കിലേക്ക് യാത്രക്കാര്‍ ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ ട്രാക്കിലൂടെ വരുകയായിരുന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇവരെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു. അതേസമയം, റെയില്‍വെ ട്രാക്കിലൂടെ നടന്നുപോയവരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് റെയില്‍വെയുടെ വിശദീകരണം. ട്രെയിനില്‍ തീപിടിത്തമുണ്ടായിരുന്നില്ലെന്നും മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ച രണ്ടു പേര്‍ യാത്രക്കാരല്ലെന്നും സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക മൂന്നംഗ സംഘത്തെ നിയോഗിച്ചതായും റെയില്‍വെ അറിയിച്ചു.