തിരുവനന്തപുരം: അന്തരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ മൂലമാണ് ഭാര്യ അമൃതയ്ക്ക് ഭര്‍ത്താവ് രാജേഷിനെ അവസാനമായി കാണാനുള്ള അവസരം നഷ്ടമായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയതായി മന്ത്രി അറിയിച്ചു.
മന്ത്രി കത്തില്‍ പറഞ്ഞത്: ‘എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന്, ഒമാനില്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന നമ്പി രാജേഷിനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ പോയ ഭാര്യ അമൃതയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണം. നമ്പി രാജേഷിനെ കാണാനും തിരികെ കൊണ്ടുവരാനും അമൃത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റില്‍ ഒമാനിലേക്ക് സീറ്റ് ബുക്ക് ചെയ്തിരുന്നു. യാത്ര ആരംഭിക്കാന്‍ അവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം റദ്ദാക്കി. ഒരു ബദല്‍ ക്രമീകരണത്തിനായി അമൃത അധികാരികളോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും വൃഥാവിലായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ മൂലം അമൃതയ്ക്ക് ഭര്‍ത്താവിനെ അവസാനമായി കാണാനുള്ള അവസരം നഷ്ടമായി. മാത്രമല്ല, അവര്‍ക്കും കുടുംബത്തിനും അളവറ്റ വേദനയും ദുരിതവും ഉണ്ടാവുകയും ചെയ്തു.’