മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിര്‍ണായക മത്സരം ബഹിഷ്‌കരിച്ചതിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിയില്‍ അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ, പരസ്യമായി ഖേദപ്രകടനം നടത്തുവാനും എഐഎഫ്എഫ് ആവശ്യപ്പെട്ടിരുന്നു. ഖേദ പ്രകടനം നടത്തിയ ക്ലബ് തുടര്‍ന്നാണ് അപ്പീലിന് ശ്രമിച്ചത്. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ക്ലബ്ബിനെ കൂടാതെ പരിശീലകനെതിരെയും ഫെഡറേഷന്റെ നടപടിയുണ്ടായിരുന്നു.
നിര്‍ണ്ണായകമായ നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗലൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗലൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിച്ച് ബ്ലാസ്റ്റേഴ്‌സ് മൈതാനം വിടുകയായിരുന്നു.