തിരുവനന്തപുരം > ഈ വർഷവും ഇഹ്‌സാനുൽ ഹഖ് പതിവ് തെറ്റിച്ചില്ല. വി കെയറിന് കൈത്താങ്ങേകാൻ കുടുക്ക പൊട്ടിച്ച കാശുമായി കൊച്ചുമിടുക്കൻ മന്ത്രിയെ കാണാൻ എത്തി. ഇഹ്‌സാന്റെ കുഞ്ഞു മനസ്സിലേതുപോലത്തെ സഹായമനോഭാവം എല്ലാവരിലും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പണം സ്വീകരിച്ച ശേഷം മന്ത്രി ആർ ബിന്ദു ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്‌സാനുൽ ഹഖ് എത്തി, വി കെയറിന് കൈത്താങ്ങേകാൻ. മുൻവർഷങ്ങളിലും കുടുക്കയിൽ സ്വരൂപിച്ച കാശുമായി ഇഹ്സാൻ എത്തിയിരുന്നു. അവന്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്.
ജീവിതത്തിൻ്റെ തുടക്കത്തിലേ ടൈപ്പ് വൺ പ്രമേഹബാധിതനായ ഇഹ്‌സാന്റെ വിശേഷങ്ങൾ മുമ്പും ഇവിടെ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശിഹാബുദ്ദീന്റെയും ബുഷ്‌റയുടെയും മകൻ. മൂന്നാം ക്ലാസുകാരനായ ഇഹ്‌സാൻ അഞ്ചു വയസ്സുള്ളപ്പോഴാണ് ഈ ചാരിറ്റി പ്രവർത്തനത്തിലിറങ്ങുന്നത്.
ഇഹ്‌സാന്റെ കുഞ്ഞു സമ്പാദ്യം സംഭാവനയായി നൽകിയത് സ്വീകരിച്ചു കൊണ്ടാണ് അഞ്ചു വർഷം മുമ്പ് മുഖ്യമന്ത്രി ‘വി കെയറി’നായുള്ള ഫണ്ട് സമാഹരണത്തിനു തുടക്കമിട്ടതു തന്നെ. ഒട്ടേറെപ്പേർക്ക് ചികിത്സാധന സഹായം ആവശ്യമുണ്ടെന്നതിനാലാണ് ഇഹ്‌സാനും വി കെയർ പദ്ധതിയ്‌ക്കായി പണം സമാഹരിച്ചു തുടങ്ങിയത്.
ബന്ധുക്കളും അച്ഛന്റെ സുഹൃത്തുക്കളും മറ്റും നൽകുന്ന തുക കൂട്ടിവച്ചാണ് ഇഹ്‌സാൻ ചാരിറ്റി ബോക്‌സ് ഉണ്ടാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് കേരള സാമൂഹ്യ സുരക്ഷാമിഷന്‍റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ ആയ www.wecaredonations.com വഴി സംഭാവന നൽകാം. വിദേശത്തുള്ളവർക്ക് കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്ബിഐ സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIIN0000941, തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും, മറ്റുള്ളവർക്ക് എസ്ബി അക്കൗണ്ട് നമ്പർ 30809533211, എസ്ബിഐ സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നിക്ഷേപിക്കാം. കൂടാതെ, കൂടാതെ ഡിഡിയായും ചെക്കായും മണിയോർഡറായും സംഭാവന നൽകാം. സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കും.
ഇഹ്‌സാന്റെ കുഞ്ഞു മനസ്സിലേതുപോലത്തെ സഹായമനോഭാവം എല്ലാവരിലും ഉണ്ടാകണമെന്നാണ് ആഗ്രഹം. ആശ്രയമറ്റ, ചികിത്സാ ധനസഹായം ആവശ്യമുള്ളവർക്ക് തണലേകാൻ ഇഹ്സാന്റെ കുഞ്ഞുകൈ നീട്ടിയ ഈ ധനസഹായം എത്രയും വലുതാണ്. ഇനിയും നിരവധി ഇഹ്സാൻമാർ ഇതുപോലെ മുന്നോട്ടു വരട്ടെ. ഇഹ്‌സാന് നിറയെ ഉമ്മകൾ.