തിരുവനന്തപുരം: പി എസ് സി ഇന്‍റർവ്യുവിന് വേണ്ടി പോകവേ അപകടത്തിൽപ്പെട്ട യുവതിക്ക് കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷകരായി. ഇന്ന് രാവിലെ 9.15 നാണ് ഗ്രീഷ്മ എന്ന നെയ്യാറ്റിൻകര സ്വദേശിയായ യുവതി പട്ടം പി എസ് സി ആസ്ഥാന ഓഫീസിൽ ബിയോളജിസ്റ്റ് പോസ്റ്റിലേക്കുള്ള വെരിഫിക്കേഷനായി സ്വന്തം വാഹനത്തിലേക്ക് പോയത്. എന്നാൽ ഇവർ സഞ്ചരിച്ച ഡിയോ ( 2വീലർ ) ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ വച്ച് മറ്റൊരു കാറുമായി കൂട്ടി ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ടീം ഇവരെ ആംബുലൻസിൽ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല എന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ ഏവർക്കും ആശ്വാസമായി. എന്നാൽ അപ്പോഴാണ് യുവതി പി എസ് സി വെരിഫിക്കേഷന്‍റെ കാര്യം പറഞ്ഞത്. 9.45 നാണ് റിപ്പോർട്ടിംഗ് ടൈം എന്ന് യുവതി പറഞ്ഞതോടെ ഏവർക്കും ആശങ്കയായി. കാരണം അപ്പോഴേക്കും സമയം 9.40 ആയിരുന്നു. യുവതിയാണെങ്കിൽ കാലിന് പറ്റിയ പരിക്ക് കാരണം നടക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒരു ജോലിയുടെ കാര്യമല്ലേയെന്നോർത്ത സേന ഉടനടി ഉണർന്ന് പ്രവർത്തിച്ചു. സേനയുടെ ആംബുലൻസിൽ യുവതിയെ പി എസ് സി ഓഫീസിൽ കൃത്യ സമയത്ത് ഇന്റർവ്യൂവിന് ഹാജരാക്കാനായതോടെയാണ് ഏവർക്കും ആശ്വാസമായത്.
പി എസ് സി ഉദ്യോഗസ്ഥരുടെ മുന്നിൽ സേന കാര്യങ്ങൾ ധരിപ്പിച്ചു. ശേഷം പി എസ് സി ഓഫീസിലെ വീൽ ചെയരിൽ യുവതിയെ ഇന്റർവ്യൂ ബോർഡിന് മുന്നിൽ എത്തിച്ച ശേഷമാണ് സേന തിരികെ മടങ്ങിയത്. വിഷ്ണുനാരായണൻ, ജിനു, ശ്രീരാജ്, രുമകൃഷ്ണ, ശരണ്യ, സനൽകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.