തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കുന്ന കോബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കേരള ബാങ്കിൽ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മറ്റ് വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കുന്ന ‘കെ ബി പ്രൈം’ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെയും പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്കുവേണ്ടി ‘കെ ബി പ്രൈം പ്ലസ്’ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെയും ഉദ്‌ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
കേരള ബാങ്കിന്റെ രൂപീകരണ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ഒന്നായിരുന്നു ഏകീകൃത കോർ ബാങ്കിങ്. മൊബൈൽ ബാങ്കിങ്, എല്ലാ ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, കെഎസ്‌ഇബി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ബില്ലുകൾ അടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും സൗകര്യം എന്നിവ കോ ബാങ്ക് ആപ്പിലുണ്ട്. ഐഎംപിഎസ്, എൻഇഎഫ്‌ടി, ആർടിജിഎസ് എന്നിവയിലൂടെ പണം അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യവും യുപിഐ സേവനങ്ങളും ലഭിക്കും.
ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്ന ഗ്രാമീണ മേഖലയിലെ ഉപയോക്താക്കളുടെ പ്രതിനിധികളായി കാസർകോട് വെസ്റ്റ് എളേരി സർവീസ് സഹകരണസംഘം പ്രസിഡന്റ് സാബു എബ്രഹാം, സെക്രട്ടറി പി ലതിക എന്നിവർ എടിഎം കാർഡിന്റെ മാതൃക ഏറ്റുവാങ്ങി കോ ബാങ്ക് പദ്ധതിയിൽ അംഗമായി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.