തിരുവനന്തപുരം > മാനവികതാമൂല്യങ്ങൾക്ക് രാജ്യം പ്രാധാന്യം കൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഗുരുസ്‌മരണയുടെ പുതുക്കലും പ്രയോഗവും. മണിപ്പുരിലും ഹരിയാനയിലുമൊക്കെ കലാപങ്ങൾ നടക്കുന്നത് നാം വേദനയോടെ കണ്ടു. ഉത്തർപ്രദേശിലും ആ വിദ്വേഷം പറന്ന് എത്തിയിരിക്കുന്നു. മണിപ്പുരിലും ഹരിയാനയിലുമൊന്നും ഇപ്പോഴും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല. ലോകസമൂഹത്തിന് മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയിലാണ് നാമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ തുടർച്ചയായി വന്ന പുരോഗമന പ്രസ്ഥാനങ്ങളും ഇല്ലാതിരുന്ന ഇടങ്ങളിലാണ് വംശവിദ്വേഷത്തിന്റെ പേരിൽ സ്‌ത്രീകളെ ബലാത്‌സംഗം ചെയ്യുകയും നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്‌ത സംഭവങ്ങൾ ഉണ്ടായത്. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകർ ഉയർത്തിയ പുരോമനചിന്തകളുടെ , അവയുടെ തുടർച്ച ഏറ്റെടുത്ത പുരോഗന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമാണ് കേരളത്തിൽ അത്തരമൊരു അവസ്ഥ ഇല്ലാതിരിക്കാൻ കാരണം.
ശാസ്‌ത്രബോധവും യുക്തിചിന്തയും ഇന്ന് വലിയവെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട രാജ്യമാണ് നമ്മുടേത്. അതൊക്കെ പറയുമ്പോഴും നരബലിയും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ആൾക്കൂട്ട ആക്രമണവുമൊക്കെ നമ്മുടെ നാട്ടിൽ അരങ്ങേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്‌ത്രരംഗത്ത് കുതിക്കുമ്പോഴും ശാസ്ത്രാവബോധം വളർത്തുന്നതിൽ നാം പരാജയപ്പെടുന്നു. സ്വയംവിമർശനപരമായി ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്. പരിണാമസിദ്ധാന്തമൊക്കെ പാഠപുസ്‌തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുന്നു. പകരം തികച്ചും അശാസ്‌ത്രീയമായ അബദ്ധങ്ങൾ പ്രതിഷ്‌ഠിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിനെല്ലാമെതിരെ വലിയരീതിയിലുള്ള ചെറുത്തുനിൽപ്പ് നടത്താൻ ഉതകുന്നതാവണം ഗുരുസ്‌മരണയെന്നും മുഖ്യന്ത്രി പറഞ്ഞു. വയൽവാരം വീട്ടിലെത്തി പുഷ്‌പാർച്ചന നടത്തിയശേഷമാണ് മുഖ്യമന്ത്രി വേദിയിൽ എത്തിയത്. മുഖ്യമന്ത്രിക്ക് ഒപ്പം കൊച്ചുമകൻ ഇഷാനുമുണ്ടായിരുന്നു.
സ്വാമി സൂക്ഷ്‌മാനന്ദ രചിച്ച ‘വാട്ട് വി ആർ ഓൾ എബൗട്ട്’ എന്ന കൃതി മുഖ്യമന്ത്രി സ്വാമി സച്ചിദാനന്ദയ്‌ക്ക് നൽകി പ്രകാശിപ്പിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , സ്വാമി സൂക്ഷ്‌മാനന്ദ, കൊടിക്കുന്നിൽ സുരേഷ് എംപി, എ എ റഹീം എംപി, ഗോകുലം ഗോപാലൻ, ജി മോഹൻദാസ്, എം എം ഹസ്സൻ, ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ സംസാരിച്ചു.