കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ വ്യാഴാഴ്ച സാക്ഷി ഹാജരാകാത്തതിനാൽ വിസ്താരം നടന്നില്ല. ആറാം സാക്ഷി കൂടത്തായി അന്താനത്ത് എൻ.പി. മുഹമ്മദ് എന്ന ബാവയുടെ വിസ്താരമാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ നിശ്ചയിച്ചിരുന്നത്. അസുഖം കാരണം ഹാജരാകാനാവില്ലെന്ന് സ്പെഷൽ പ്രോസിക്യൂഷൻ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ കോടതിയെ അറിയിക്കുകയായിരുന്നു.
കേസ് വീണ്ടും പരിഗണിക്കുന്ന മാർച്ച് 13ന് എൻ.പി. മുഹമ്മദിന്റെയും ഏഴാം സാക്ഷി പൂവാട്ടുപറമ്പ് പി.എച്ച്. ജോസഫിന്റെയും വിസ്താരം നടത്താനാണ് തീരുമാനം. സംഭവം നടന്ന വീടിന്റെ തൊട്ടടുത്ത് താമസിച്ചയാളാണ് മുഹമ്മദ്. മരണവിവരങ്ങളറിഞ്ഞ് വീട്ടിൽ ഓടിയെത്തിയത് സംബന്ധിച്ചും റോയ് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കൂടെപോയ കാര്യത്തിലും മൊഴിനൽകിയ സാക്ഷിയാണിത്.
റോയ് തോമസിന്റെ ബന്ധുവായ പി.എച്ച്. ജോസഫ് സംഭവം സംബന്ധിച്ച് പൊലീസിൽ പ്രഥമവിവരം നൽകിയയാളാണ്. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒന്നാം സാക്ഷിയും റോയി തോമസിന്റെ സഹോദരിയുമായ രഞ്ജി വിൽസന്റെ വിസ്താരം ബുധനാഴ്ച പൂർത്തിയായിരുന്നു. ഇൻകാമറ രീതിയിൽ രഹസ്യമായി വിസ്താരം നടത്തുന്നതിനെതിരെ ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിന്റെ ഹരജി കോടതി തള്ളിയിരുന്നു. അഡ്വ. ആളൂർ എതിർവിസ്താരം നടത്തിയിട്ടുമില്ല. ഇതിനെതിരെ അടുത്ത ദിവസം ഹൈകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.