തിരുവനന്തപുരം: സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു മന്ത്രി കെ. രാജന്‍. ജനുവരി 15നു മാനന്തവാടിയില്‍ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോര്‍ട്ട്‌കൊച്ചിയില്‍ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആര്‍.ഡി ഓഫീസുകളിലുമായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നെല്‍വയല്‍ തരം മാറ്റത്തിനുളള അപേക്ഷകള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഭൂമി തരം മാറ്റി നല്‍കാനുളള അധികാരം ആര്‍.ഡി.ഒമാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി നല്‍കുന്നതിനായി ഒരു നിയമഭേദഗതി കേരള നിയമസഭാ പാസാക്കിയത്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുമൂലം ബില്‍ നിയമമായിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും മുഴുവന്‍ അദാലത്തുകളിലും നേരിട്ട് പങ്കെടുക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.
‘ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അര്‍ഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീര്‍പ്പാക്കുക. 25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അര്‍ഹതയുളളത്. ഓരോ ആര്‍.ഡി ഓഫീസുകളിലും 2023 ഡിസംബര്‍ വരെ കുടിശ്ശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും. ഇതുവരെ 1,18,253 അപേക്ഷകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാനുളളത്. അപേക്ഷകര്‍ക്ക് അദാലത്തില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കണ്‍ നമ്പരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പരിലേക്ക് എസ്എംഎസ് ആയി അയക്കും. ഇക്കാര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്പരാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഈ നമ്പരിലേക്ക് ആയിരിക്കും സന്ദേശം ലഭിക്കുക. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കേണ്ടത് അദാലത്തില്‍ പങ്കെടുക്കേണ്ടതുമാണ്.’ അദാലത്തില്‍ തീര്‍പ്പാക്കുന്ന അപേക്ഷകളുടെ തരം മാറ്റ ഉത്തരവുകള്‍ അന്നേ ദിവസം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
‘തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ജോലി വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന സ്ഥല പരിശോധനയാണ്. അദാലത്ത് ആവശ്യത്തിനായി മാത്രം അപേക്ഷകളുടെ മുന്‍ഗണന സംവിധാനം ഒഴിവാക്കി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ തരം തിരിച്ച് അവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ആര്‍.ഡി.ഒമാരുടെ ചുമതല കൂടി നല്‍കുന്നതിനുളള നിയമഭേദഗതിക്കൊപ്പം ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ 181 ക്ലാര്‍ക്ക് തസ്തികകളും 63 ജൂനിയര്‍ സൂപ്രണ്ട് തസ്തികകളും സൃഷ്ടിക്കുന്നതിനും 123 സര്‍വ്വേയര്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും നേരത്തേ ഉത്തരവായിരുന്നു. ഈ സംവിധാനം എല്ലാം തന്നെ അദാലത്തുകള്‍ക്കായി ഉപയോഗിക്കും.’ സൗജന്യ തരം മാറ്റത്തിന് അര്‍ഹതയുളള അപേക്ഷകള്‍ അദാലത്തുമായി തീര്‍പ്പാക്കുമ്പോള്‍, ഫീസ് അടയ്‌ക്കേണ്ട അപേക്ഷകളിലുളള നടപടികള്‍ക്ക് യാതൊരു തടസ്സവും നേരിടരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
‘തരം മാറ്റ അപേക്ഷകളില്‍ ചില രേഖകള്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടും അവ ഹാജരാക്കാത്തതുമൂലം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇത് പരിശോധിച്ചതില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി അപേക്ഷ അയച്ച അക്ഷയ കേന്ദ്രങ്ങളിലാണ് എത്തിയിട്ടുളളത് കൊണ്ട് എന്നതുമൂലം കക്ഷികള്‍ അറിഞ്ഞിരിക്കാന്‍ സാഹചര്യമില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഒരു നിശ്ചിത തീയതിക്കുളളില്‍ ഇത്തരം രേഖകള്‍ ഹാജരാക്കുന്നതിന് കക്ഷികള്‍ക്ക് പോസ്റ്റ് വഴി കത്ത് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.’ എന്നാല്‍ തുടര്‍ന്നും ഹാജരാക്കിയില്ലെങ്കില്‍ അത്തരം അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പട്ടയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പ് നടപ്പാക്കിവരികയാണെന്നു മന്ത്രി പറഞ്ഞു. ‘നവകേരള സദസില്‍ സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി 1,26,991 അപേക്ഷകള്‍ റവന്യൂ വകുപ്പിന്റേതായി ലഭിച്ചിട്ടുണ്ട്. ഇതില്‍ 48,553 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ തീരുമാനമെടുക്കുന്നതിനു പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തയാറാക്കും. സിഎംഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്കൊപ്പം അധികമായി ചേര്‍ക്കേണ്ടവ കൂട്ടിച്ചേര്‍ത്ത് അപേക്ഷകളില്‍ അതിവേഗ തീരുമാനമെടുക്കും. റവന്യൂ വകുപ്പിലേക്കു ലഭിച്ച ആകെ അപേക്ഷകളില്‍ 17437 എണ്ണം ലാന്‍ഡ് അസൈന്‍മെന്റിലും 10980 എണ്ണം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടും 9781 സര്‍വെയുമായി ബന്ധപ്പെട്ടതുമാണ്.’ ഓരോ നിയോജക മണ്ഡലങ്ങളിലും ലഭ്യമായ അപേക്ഷകളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ക്കായി ഒരു റവന്യൂ ഉദ്യോഗസ്ഥനെ വീതം നോഡല്‍ ഓഫീസറായി നിയമിച്ചതായും മന്ത്രി പറഞ്ഞു.