മാന്നാർ: വിവാഹാലോചനയിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ ചെന്നിത്തലയിൽ വീടുകയറി ആക്രമണത്തില്‍ അഞ്ച് പേർക്ക് വെട്ടേറ്റു. ചെന്നിത്തല കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48), ഭാര്യ നിർമ്മല (55), മകൻ സുജിത്ത് (33), മകൾ സജിന (24), റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രൻ (വാസു -32) നെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി 11 മണിയോടെ സംഭവം. കഴിഞ്ഞ ദിവസം വിദേശത്തു നിന്നും നാട്ടിലെത്തിയ സജിന വീടിനു മുന്നിൽ നിൽക്കുമ്പോൾ വെട്ടുകത്തിയുമായി എത്തിയ പ്രതി സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും പ്രതി വെട്ടി പരിക്കേൽപ്പിച്ചു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പരിക്കേറ്റ നിർമല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാർ മാന്നാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി രാജേഷ്, മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി രാജേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം വിദേശത്ത് പോയ സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ വൈര്യാഗമാണ് അക്രമത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു.