പൊതു ചടങ്ങിനിടെ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്‍ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴില്‍ മേഖലയാണെന്ന് മഞ്‍ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നില്‍ എത്താൻ എളുപ്പല്ലെന്നും മഞ്‍ജു പറഞ്ഞു. പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ കിഷോര്‍ സത്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകൻ വേദിയില്‍ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം എന്നുമായിരുന്നു മഞ്ജു പത്രോസ് വ്യക്തമാക്കിയത്.
ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കിഷോര്‍ സത്യ എഴുതിയത്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീയുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാൽ ആ പ്രോഗ്രാമില്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്‍മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യനീതിയാവാം. സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്‍ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ് എന്നും കിഷോര്‍ സത്യ എഴുതിയിരിക്കുന്നു.