ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കിയതിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്. ഇതോടെ സാഹചര്യം ഇനിയും ദുഷ്കരമാകുമെന്നാണ് സൂചന. 5846 വിമാനങ്ങളാണ് വൈകി ഓടുന്നതെന്നാണ് ഫ്ലൈറ്റ് അവേർ വിശദമാക്കുന്നത്.സൌത്ത് വെസ്റ്റ് കമ്പനിയുടെ വിമാനങ്ങളാണ് റദ്ദാക്കി സർവ്വീസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. 401 വിമാനങ്ങളാണ് സൌത്ത് വെസ്റ്റ് എയർലൈന്‍ റദ്ദാക്കിയിട്ടുള്ളത്. സ്കൈവെസ്റ്റ് 358 വിമാനങ്ങൾ റദ്ദാക്കി പട്ടികയിൽ തൊട്ട് പിന്നാലെയുണ്ട്. സർവ്വീസ് തുടരാനാകാത്ത രീതിയിലുള്ള കാലാവസ്ഥാ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് മിഡ് വെസ്റ്റ് എയർലൈന്‍ സാഹചര്യത്തേക്കുറിച്ച് വാർത്താക്കുറിപ്പിൽ വിശദമാക്കുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, ഓമാഹ അടക്കമുള്ള മേഖലകളിലും വിമാന സർവ്വീസുകളെ അതിശൈത്യം സാരമായി ബാധിച്ചിട്ടുണ്ട്.
യുണൈറ്റഡ് വിമാനക്കമ്പനി 284 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ ചിലത് ശനിയാഴ്ച വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. നേരത്തെ അമേരിക്കൻ വ്യോമയാന ഏജൻസി നിർദ്ദേശം അനുസരിച്ച് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതിനാൽ ബോയിംഗ് 737 മാക്സ് 9 വിഭാഗത്തിലെ 171 വിമാനങ്ങൾ സർവ്വീസ് നിർത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിശൈത്യം മൂലം സർവ്വീസുകൾ റദ്ദാക്കുന്നത്.