പാലക്കാട് : ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ, തൃശൂർ സ്വദേശികളായ യുവാവും യുവതിയും പാലക്കാട്ട് പിടിയിലായി. തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ കസബ പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുവാക്കൾക്കിടയിൽഎംഡിഎംഎയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, കോങ്ങാട്, മങ്കര എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം കോട്ടയത്ത് പഴം, പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ കോട്ടയത്ത് ബ്രൗൺ ഷുഗർ വിറ്റിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായിരുന്നു. അസം സ്വദേശി രാജികുള്‍ അലമാണ് പിടിയിലായത്. 4 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗർ ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തു. അസം സോണിപൂര്‍ സ്വദേശിയാണ് രാജികുള്‍ അലം എന്ന 33 കാരൻ. കഴിഞ്ഞ 5 വര്‍ഷമായി കോട്ടയം നഗരത്തില്‍ പഴം പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു രാജികുള്‍.
എന്നാല്‍ പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ ഇയാള്‍ക്ക് ലഹരി കച്ചവടവും ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് നിരീക്ഷണം ഇയാളുടെ മേല്‍ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് രാജികുള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആളെ പിടികൂടിയ എക്സൈസ് നടത്തിയ പരിശോധനയില്‍ 78 ചെറിയ പ്ലാസ്റ്റിക് കണ്ടയ്നറുകളില്‍ നിറച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്.