പുതുപ്പള്ളി> നാടിനുവേണ്ടി പെരുതാൻ ജെയ്‌ക് സി തോമസിനെ നിയമസഭയിലേക്ക് അയയ്‌ക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. ജെയ്‌ക് ഊർജസ്വലനായ പ്രവർത്തകനാണ്. അദ്ദേഹം നിങ്ങൾക്കുവേണ്ടി പോരാടും. പാമ്പാടിയിൽ എൽഡിഎഫ് സംഘടിപ്പിച്ച വനിതാ അസംബ്ലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു സുഭാഷിണി അലി. ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമതാണ്. അവിടെ നടക്കുന്ന ഗാർഹികപീഡനങ്ങളിൽ 55 ശതമാനത്തിൽ മാത്രമേ കേസെടുക്കുന്നുള്ളൂ. കേരളത്തിൽ 94 ശതമാനം സംഭവങ്ങളിലും കേസെടുക്കുന്നു.
സംസ്ഥാനങ്ങൾക്ക് അർഹമായ ഭക്ഷ്യവിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറയ്‌ക്കുകയാണ്. പാവങ്ങൾ ചോറും ചപ്പാത്തിയുമൊന്നും കഴിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിന്. രാജ്യത്ത് പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങൾ ഏറ്റവും കൂടുതലുള്ളത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഡിലുമാണ്. എന്നാൽ, കേരളത്തിൽ പാവങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ പിണറായി വിജയൻ സർക്കാർ വിപണിയിൽ ഇടപെടുകയും അവശ്യസാധനങ്ങൾ വിലകുറച്ച് നൽകുകയും ചെയ്യുന്നു.
ക്രിസ്‌ത്യാനികൾ രാജ്യത്ത് പലയിടത്തും ക്രൂരമായി ആക്രമിക്കപ്പെടുന്നു. കഴിഞ്ഞവർഷം രാജ്യത്ത് 400 ക്രിസ്‌ത്യൻ പള്ളികളാണ് തീവച്ച് നശിപ്പിച്ചത്. ഈ പ്രദേശങ്ങളിലേക്കൊന്നും തിരിഞ്ഞുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ലെന്നും സുഭാഷിണി അലി പറഞ്ഞു.