ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവേലിക്കര താലൂക്കിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പിൽ വീട്ടിൽ ഹാഷിമി(33)നെ കാപ്പാ നിയമപ്രകാരം നാടുകടത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടാണ് ഉത്തരവിട്ടത്.എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അവർകളുടെ കാപ്പാ നിയമം 15 (1) പ്രകാരമുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ 19 ക്രിമിനൽ കേസുകളിൽ ഹാഷിം പ്രതിയാണ്. നൂറനാട്, അടൂർ, ശാസ്താംകോട്ട, ഷോർണൂർ എന്നീ സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകൾ നിലവിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി ഇത്തരം കേസുകളാണ് പ്രതി ഉൾപ്പെട്ടിട്ടുള്ളത്.
2018 -ൽ നൂറനാട് പൊലീസ് സ്റ്റേഷൻ ലിമിറ്റിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ് ഹാഷിം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി 21 വയസ് മുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലമേൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പറായ ബൈജുവിനെ വീട്ടിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ കേസിലാണ് ഇപ്പോൾ കാപ്പാ നടപടി പ്രകാരം ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തിയിട്ടുള്ളത്.
അതേസമയം, കാപ്പാ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോട്ടയം കടുത്തുരുത്തിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതിരമ്പുഴ നാല്പാത്തിമല സ്വദേശി അഖിൽ ജോസഫ് ആണ് പിടിയിലായത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.