പാലക്കാട്: കെ.എം. പുതൂരും പരിസര പ്രദേശങ്ങളും ചൊവ്വാഴ്ച ഉറക്കമുണർന്നത് ഉഗ്രശബ്ദം കേട്ടാണ്. എന്തോ ഒന്ന് വീടിന് സമീപം വന്ന് ഇടിച്ചുവീഴുന്നതായി തോന്നി ഞെട്ടി എഴുന്നേൽക്കുകയായിരുന്നെന്ന് സമീപവാസി അരുൺ ‘മാധ്യമ’ത്തോട് പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് പലതിനും കേടുപാട് പറ്റി. സ്റ്റീൽ ഫാക്ടറിയുടെ മൂന്നുകിലോമീറ്റർ ദൂരെ ചുള്ളിമടയിൽ വരെ ശബ്ദം കേട്ടതായി വാർഡ് മെംബർ മിൻമിനി പറയുന്നു. ഇതിന് പിന്നാലെ ആറുമണിയോടെ മിൻമിനിയും നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു. ഫാക്ടറിക്ക് അടുത്തായി ജനവാസമേഖലയും എൽ.പി.ജി ബോട്ട്ലിങ് പ്ലാന്റുമുണ്ട്. തീ പടരുകയോ മറ്റെവിടെക്കെങ്കിലും വ്യാപിക്കുകയോ ചെയ്തിരുന്നെങ്കിൽ സമാനതകളില്ലാത്ത ദുരന്തത്തിനായിരിക്കും നാട് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുക എന്ന് മിൻമിനി പറയുന്നു. ഫാക്ടറിയിൽ സുരക്ഷാസംവിധാനങ്ങളൊന്നും തന്നെ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. മലിനീകരണമടക്കം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു. രാവിലെ കമ്പനിയിൽ അപകടമുണ്ടായ സ്ഥലത്തെത്തിയ കലക്ടർക്ക് മിൻമിനിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരാതി നൽകി.