പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്. പിഎഫ്ഐ മുൻ ഏരിയാ റിപ്പോർട്ടറാണ് ഇയാള്‍. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.
ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.
അതിനിടെ, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുതിയത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസ് സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ സുരക്ഷ വർധിപ്പിച്ചിരുന്നു.