കോട്ടയം: പുതുപ്പള്ളിയിൽ കിറ്റ് നൽകാൻ അനുമതി. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകി.
വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകിയിരുന്നു. അതേസമയം, കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്നും കത്തില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നാല് ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി രണ്ട് ലക്ഷത്തോളം പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇപോസ് മെഷീൻ പണി മുടക്കിയതും കിറ്റിലെ സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്നും ഇന്നലെ കിറ്റ് വിതരണം മുടങ്ങിയിരുന്നു. എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും റേഷൻ വിതരണത്തിൽ പുരോഗതിയുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഒട്ടുമിക്ക കടകളിലും കിറ്റ് പൂർണമായി എത്തി. ഇനിയും കിറ്റ് വാങ്ങാത്തവരെ, കിറ്റെത്തിയ വിവരം റേഷൻ കട വ്യാപാരികൾ നേരിട്ട് വിളിച്ച് അറിയിക്കുന്നുണ്ട്. എട്ട് മണി കഴിഞ്ഞാലും കിറ്റ് വാങ്ങാൻ ആളുണ്ടെങ്കിൽ കട തുറന്നിരിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.