അറ്റ്ലാൻ്റ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യസ്ഥാനാർഥികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലുള്ള സംവാദം തുടങ്ങി. അതിർത്തി, വിദേശനയം, ഗർഭഛിദ്രം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിലാണ് ഇരുവരും തമ്മിൽ സംവാദം നടന്നത്. സംവാദത്തിനിടെ നുണയൻമാരെന്നും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റുമാരെന്നും വിളിച്ച് ട്രംപും ബൈഡനും പരസ്പരം കലഹിച്ചു. 90 മിനിറ്റ് നീണ്ട സംവാദത്തിൽ പലപ്പോഴും ട്രംപിനായിരുന്നു മേൽക്കൈ. ട്രംപിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനാകാതെ ബൈഡൻ വലയുന്നതും കണ്ടു.
ട്രംപ് പരാജയപ്പെട്ട പ്രസിഡന്റാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. പ്രായത്തിന്റെ കാര്യത്തിലും ട്രംപ് തന്നേക്കാൾ മൂന്ന് വയസിന് ഇളയതാണെന്നും അൽപം ബഹുമാനമാകാമെന്നും 81കാരനായ ബൈഡൻ ഓർമിപ്പിച്ചു. മറുപടിയായി ബൈഡനെ കുറ്റവാളി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ന്യൂയോർക് ഹഷ് മണി കേസിനെ പരാമർശിച്ചായിരുന്നു ഇത്. എന്നാൽ ട്രംപിന് എന്താണ് സംസാരിക്കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു ബൈഡന്റെ മറുപടി. നാറ്റോയിൽ നിന്ന് പുറത്ത്കടക്കാൻ ആഗ്രഹിക്കുന്ന ആളാണ് ട്രംപ്. ലോകം നാറ്റോയിൽ തുടരാൻ ആഗ്രഹിക്കുമ്പോൾ നാറ്റോയിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചയാളാണ് ട്രംപ് എന്നും ബൈഡൻ വിമർശിച്ചു.
ധാർമികത തൊട്ടുതീണ്ടാത്ത വ്യക്തിയാണ് ട്രംപ് എന്നും ബൈഡൻ ആരോപിച്ചു. സ്വന്തം ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ, പൊതുസ്ഥലത്ത് സ്ത്രീയെ ശല്യം ചെയ്തതിനും രാത്രിയിൽ പോൺ താരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ട്രംപ് എത്ര ഡോളർ പിഴയായി ഒടുക്കിയിട്ടുണ്ടെന്നും ബൈഡൻ ചോദിച്ചു. മാത്രമല്ല, അമേരിക്കൻ ജനാധിപത്യത്തെ കുറിച്ച് ഒരു ബോധവുമില്ലാത്ത വ്യക്തിയാണ് ട്രംപ്. എന്നാൽ ബൈഡന്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ അരക്ഷിതമാക്കിയെന്നായിരുന്നു വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ട്രംപിന്റെ മറുപടി. ആരും കണ്ടിട്ടില്ലാത്ത അതിർത്തികൾ പോലും ബൈഡൻ തുറന്നു. അങ്ങനെ അതിക്രമിച്ചു കയറിയവരെ വേഗത്തിൽ പുറത്താക്കണം. കാരണം അവർ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ പോവുകയാണെന്നും ട്രംപ് വിമർശിച്ചു. അനധികൃത കുടിയേറ്റക്കാർ ന്യൂയോർക്കിലെ ആഡംബര ഹോട്ടലുകളിലാണ് താമസിക്കുന്നത്. നമ്മുടെ വിമുക്ത ഭടൻമാർ തെരുവിൽ കഴിയുകയാണ്. രാജ്യത്തിന് വേണ്ടി പോരാടിയവരെ പ്രസിഡന്റ് ശ്രദ്ധിക്കാത്തതിനാൽ അവർ തെരുവിൽ കിടന്ന് മരിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ബൈഡന് സൈന്യത്തെ ഇഷ്ടമല്ലെന്നും അതിനാലാണ് വിമുക്ത ഭടൻമാരെ ശ്രദ്ധിക്കാത്തതെന്നും ട്രംപ് വിമർശിച്ചു.
എന്നാൽ ട്രംപ് പറയുന്നത് പച്ചക്കള്ളമാണെന്നും വിമുക്ത ഭടൻമാർക്ക് ഇൻഷുറൻ പരിരക്ഷയുണ്ടെന്നും അവർ മികച്ച രീതിയിലാണ് കഴിയുന്നതെന്നും ബൈഡൻ മറുപടി നൽകി. തന്റെ മകൻ ഇറാഖിൽ സൈനിക സേവനം നടത്തിയ കാര്യവും ബൈഡൻ എടുത്തു പറഞ്ഞു. പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധം തടയാൻ സാധിക്കാത്ത ബൈഡന്റെ വിദേശനത്തെയും ട്രംപ് വിമർശിച്ചു. ജനുവരി 20ന് അധികാരം ഏറ്റെടുത്താൽ പുടിനെയും സെലൻസ്കിയെയും വിളിച്ചു വരുത്തി യുക്രെയ്ൻ യുദ്ധം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വീമ്പുമുഴക്കി.