ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ദില്ലി എയിംസ് ആശുപത്രിക്കും അവധി പ്രഖ്യാപിച്ചു. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാർക്ക് അവധിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു. അതേസമയം, അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു.
ചടങ്ങിനോട് അനുബന്ധിച്ച്, എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരത്തെ അര്‍ധഅവധി പ്രഖ്യാപിച്ചിരുന്നു. 22ന് ഉച്ചക്ക് രണ്ടര വരെയാണ് അവധി. മന്ത്രാലയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ഓഹരി വിപണികള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും. മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്‍മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22ന് അവധിയാണ്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂര്‍ണ്ണ അവധിയായിരിക്കും. പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതുവരെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്‌ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, ചലച്ചിത്ര സംവിധായകന്‍ മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന്‍ വാസുദേവ് കാമത്ത്, ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ നിലേഷ് ദേശായിയെയും ക്ഷണിച്ചു. ജനുവരി 23 ന് ക്ഷേത്രം ഭക്തര്‍ക്കായി തുറക്കും.