എറണാകുളം: ശക്തമായ മഴ തുടരുന്നതിനിടെ എറണാകുളത്തെ ഇടമലയാർ ഡാം നിറയുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. ജലനിരപ്പ് 164 അടിയായാൽ ഷട്ടറുകൾ തുറക്കും. ഇതേ തുടർന്ന് ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടമലയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് എറണാകുളം അടക്കമുള്ള ജില്ലകളിൽ മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പ് കൂടി കണിക്കിലെടുത്താണ് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. റൂൾ ലെവൽ പ്രകാരം ഡാമിലെ ജലനിരപ്പ് 164 അടിയിൽ എത്തിയാൽ ഷട്ടറുകൾ തുറന്ന് അധിക ജലം താഴേക്ക് ഒഴുക്കും. നിലവിൽ പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയിൽ 1.415 മീറ്ററും മാർത്താണ്ഡവർമ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയിൽ 0.80 മീറ്ററുമാണ് ജലനിരപ്പ്. പെരിയാർ നദിയുടെ കൈവഴിയായ ഇടമലയാറിൽ അയ്യമ്പുഴയ്ക്കും ഭൂതത്താൻകെട്ടിനും ഇടയിൽ എണ്ണക്കലിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.