സൂറത്ത്: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ എസ് ശ്രീശാന്തിനെ ഗൗതം ഗംഭീര്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ശ്രീശാന്തിന്റെ ഭാര്യ രംഗത്ത്. ‘ഒരുമിച്ച് ഏറെക്കാലം ടീം ഇന്ത്യക്കായി കളിച്ച ഗൗതം ഗംഭീര്‍ ഇത്ര തരംതാണതായി ശ്രീശാന്ത് പറഞ്ഞറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതും സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം. ഗംഭീറിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം ശരിക്കും ഞെട്ടിച്ചു’ എന്നും ഭുവനേശ്വരി ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ ശ്രീ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗൗതം ഗംഭീറും എസ് ശ്രീശാന്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇന്ത്യ ക്യാപിറ്റല്‍സ് നായകന് കൂടിയായ ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ശ്രീശാന്തിന്റെ ഭാര്യ ഗംഭീറിനെതിരെ പരസ്യമായി രംഗത്തുവന്നത്.