തൃശ്ശൂര്‍: സ്വകാര്യ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിൽ അതീവ ജാഗ്രത. തൃശ്ശൂര്‍ ചേര്‍പ്പിനടുത്ത് എട്ടുമുനയിലെ ഒരു ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി വൈറസ് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവൻ പന്നികളേയും കൊല്ലാൻ തീരുമാനിക്കുകയുമായിരുന്നു.
പന്നിപ്പനിബാധ കണ്ടെത്തിയ ഫാമിൻ്റെ പരിസരത്ത് പൊതുജനങ്ങൾക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കാനും നിരോധനമുണ്ട്. ചേര്‍പ്പിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളെല്ലാം നിരീക്ഷണത്തിലാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പന്നിപ്പനി മനുഷ്യരിലേക്ക് പടരില്ലെന്നും ഒരു ഫാമിലെ പന്നികൾ മാത്രമാണ് ചത്തതെന്നും അധികൃതര്‍ അറിയിച്ചു. മുൻകരുതലിൻ്റെ ഭാഗമായാണ് ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പന്നികളെയും കൊല്ലുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.