ബംഗളൂരു: തന്‍റെ ഐഫോൺ 13ന് കേടുപാടുകൾ വരുത്തിയെന്ന് ആരോപിച്ച് ആപ്പിൾ കമ്പനിയിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നേടി യുവാവ്. ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാനാണ് ആരോപണവുമായി രംഗത്തെത്തിയത്.2021 ഒക്ടോബറിലാണ് ഒരു വർഷം നീണ്ട വാറന്റിയോടെ ആവേസ് ഐഫോൺ 13 വാങ്ങിയത്. കുറച്ച് മാസങ്ങൾക്ക് ശേഷം ബാറ്ററിയും സ്പീക്കറും തകരാറിലായതിനെ തുടർന്ന് 2022 ആഗസ്റ്റിലാണ് ഇയാൾ സഹായം തേടി ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിയത്.
തകരാർ പരിഹരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഫോൺ തിരികെ നൽകാമെന്ന് ആവേസിനോട് പറഞ്ഞു. പ്രശ്നം പരിഹരിച്ചുവെന്നും ഐഫോൺ എടുക്കാമെന്നും പറഞ്ഞ് അയാൾക്ക് ഒരു കോൾ വന്നു. ഫോൺ എടുക്കാൻ സർവീസ് സെന്ററിൽ എത്തിയപ്പോഴാണ് ഐഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നില്ല എന്നറിഞ്ഞത്. ഉപകരണം വീണ്ടും പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും രണ്ടാഴ്ചയോളം സേവന കേന്ദ്രം ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലെന്നും ആവേസ് വ്യക്തമാക്കി.
2022 ഒക്ടോബറിൽ വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഡിസംബറിൽ ഇയാൾ പ്രാദേശിക ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. ഇതേ തുടർന്ന് സിറ്റി ഉപഭോക്തൃ കോടതി അദ്ദേഹത്തിന്റെ ഹരജികൾ കേൾക്കുകയും പലിശ സഹിതം 79,900 രൂപ നഷ്ടപരിഹാരവും 20,000 രൂപ അധികമായി നൽകുകയും ചെയ്യാൻ വിധിക്കുകയായിരുന്നു.