മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് വയോധികനെ ഇടിച്ചശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാർ പിടിയിൽ. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്ത് കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിൻ, എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈദലവി എന്ന 73 കാരൻ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് വയോധികനെ അമിത വേഗതിയിലെത്തിയ ബൈക്ക് യാത്രികർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവശത്തേക്ക് നോക്കി ശ്രദ്ധിച്ചു തന്നെയാണ് 73 കാരനായ സൈദലവി മണ്ണാർക്കാട് നോട്ടമലയിൽ വച്ച് റോഡ് മുറിച്ചു കടന്നത്. എന്നാൽ അമിതവേഗത്തിൽ കുതിച്ചെത്തിയ അശ്രദ്ധ, ഞൊടി നേരത്തിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം യുവാക്കൾ വണ്ടി നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
വയോധികനെ ഇടിച്ചിട്ടിട്ടും നിർത്താതെ ബൈക്കിൽ യുവാക്കൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരാഴ്ചയോളം ഗുരുതര പരിക്കുമായി ജീവനുവേണ്ടി പിടഞ്ഞ സെയ്തലവി കഴിഞ്ഞ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്തിനെയും കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിനെയും സിസിടിവികൾ കേന്ദ്രീകരിച്ചും വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.