കോഴിക്കോട് : ഇന്ധന സെസ് ഉള്‍പ്പെടെ ജനങ്ങളുടെ മേല്‍ കെട്ടിവച്ച സംസ്ഥാന സര്‍ക്കാരിന്റെ ഭാരിച്ച നികുതിക്കൊള്ളക്കെതിരെ ഫെബ്രുവരി 13,14 തീയതികളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നത്. വൈകീട്ട് നാല് മുതല്‍ 14ന് രാവിലെ പത്തുമണിവരെയാണ് സമരം. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും കൊല്ലത്ത് എ.എ.ആസീസും പത്തനംതിട്ടയില്‍ അനുപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി.പി ജോണും പാലക്കാട് വി.കെ.ശ്രീകണ്ഠനും കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം നിര്‍വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി,എം.കെ മുനീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പി.എം.എ സലാം, രാജന്‍ ബാബു, ജോണ്‍ ജോണ്‍, മാണി സി. കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം 13 നുള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ് ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂർ ജില്ലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസം സംഘടിപ്പിക്കും.