റഷ്യയുമായുള്ള യുദ്ധം ഉൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള അപ്‌ഡേറ്റുകൾ നൽകുന്നതിന് വെർച്വൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വക്താവിനെ അവതരിപ്പിച്ചിരിക്കുകയാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം.‘വിക്ടോറിയ ഷി’ എന്ന് പേരിട്ടിരിക്കുന്ന എ.ഐ കോൺസുലർ പ്രതിനിധിയെ യുക്രേനിയൻ ഗായികയായ റോസാലി നോംബ്രെയുടെ ശബ്ദവും രൂപവും അടിസ്ഥാനമാക്കിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കിയവ് പോസ്റ്റ് പറയുന്നു. മന്ത്രാലയത്തിന്റെ പദ്ധതിയോട് അവർ സമ്മതം മൂളിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. നോംബ്രെ തൻ്റെ ശബ്ദവും സാദൃശ്യവും ഉപയോഗിക്കുന്നതിന് സമ്മതിച്ചതായി മന്ത്രാലയം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വെർച്വൽ വക്താവിന്റെ ഒരു വിഡിയോ യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിട്ടുണ്ട്. വക്താവിന്റെ അറിയിപ്പുകൾ എംഎഫ്എയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ദൃശ്യമാകുമെന്നും അധികൃതർ അറിയിച്ചു.
“കോൺസുലാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമയോചിതമായ അപ്‌ഡേറ്റുകൾ നൽകുന്നതിന് AI ഉപയോഗിച്ച് സൃഷ്‌ടിച്ച, യുക്രെയ്‌ൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രതിനിധിയായ വിക്ടോറിയ ഷിയെ പരിചയപ്പെടുക! ചരിത്രത്തിൽ ആദ്യമായാണ്, മാധ്യമങ്ങളോട് ഔദ്യോഗികമായി സംസാരിക്കുന്ന ഒരു ഡിജിറ്റൽ വ്യക്തിത്വത്തെ എംഎഫ്എ അവതരിപ്പിക്കുന്നത്,” എക്‌സിൽ മന്ത്രാലയം പറഞ്ഞു. യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിടുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതാണ് തന്റെ ജോലിയെന്ന് വിക്ടോറിയ ഷി ടീസർ വീഡിയോയിൽ പറയുന്നു.