തിരുവനന്തപുരം: കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് തെറാപ്പിക്ക് നേതൃത്വം നല്‍കിയത്. കേരളത്തില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദില്ലി എയിംസ്, ദില്ലി ആര്‍മി ഹോസ്പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ എം.സി.സി മാറിയെന്നും നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായും വീണാ ജോര്‍ജ് അറിയിച്ചു.