ദില്ലി: വിഷ്ണു ദേവ് സായി ഛത്തീസ്ഗഢിന്റെ അടുത്ത മുഖ്യമന്ത്രിയാകും. മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായി കുങ്കുരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. നാല് തവണ ലോക്സഭാംഗമായി. കേന്ദ്ര നിരീക്ഷകരായ അര്‍ജുന്‍ മുണ്ടയും സര്‍ബാനന്ദ സോനോവാളും ദുഷ്യന്ത് കുമാര്‍ ഗൗതവും പാര്‍ട്ടിയുടെ 54 എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തുടര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിഷ്ണു ദേവ് സായിയുടെ വിജയം. അതേസമയം, സംസ്ഥാനത്ത് രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് തീരുമാനം.90 അംഗ ഛത്തീസ്ഗഢ് നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബിജെപി ഇത്തവണ അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് 35 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. പരമ്പരാഗതമായി കൈവശം വച്ച സീറ്റുകളും കോൺഗ്രസിനെ ഇത്തവണ കൈവെടിഞ്ഞു. 39 സംവരണ സീറ്റുകളിലെ മുപ്പതിടങ്ങളിലും കോൺഗ്രസിന് അടിതെറ്റി. 15 വർഷം തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനം 2018 ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ആദിവാസി വോട്ടുകൾ നിർണ്ണായകമായ ബസ്ത, വടക്കൻ ഛത്തീസ്ഗഢ് മേഖലകൾ ഇത്തവണ ബിജെപി തൂത്തുവാരി. സർഗുജ് മേഖലയിലെ 14 സീറ്റിൽ 13 നും ബിജെപിക്ക് ഒപ്പം നിന്നു.