കൊൽക്കത്ത: പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി കുനാർ ഹേംബ്രത്തിന്റെ നീക്കം. നേരത്തെ, സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട കുനാർ ഹേംബ്രം തൃണൂമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ജാംർഗ്രാമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാറിൻ്റെ കളംമാറ്റം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് തൃണമൂൽ കോൺഗ്രസിൽ കുനാർ ഹേംബ്രം അംഗത്വമെടുത്തത്.
തൃണമൂൽ നേതാവ് മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ഹേംബ്രം പറഞ്ഞു. അതേസമയം, പാർട്ടി വിട്ട കുമാറിന്റെ നടപടിയിൽ പ്രതികരിച്ച് ബിജെപി രംഗത്തെത്തി. കുനാർ ഹേംബ്രത്തിന്റെ പുറത്തുപോകൽ ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ല. ടിക്കറ്റിന് വേണ്ടിയല്ല, ബഹുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയുടെ തീരുമാനമാണ്,” ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. പാർട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മാർച്ചിലാണ് കുനാർ ഹേംബ്രം ബിജെപി വിട്ടത്.