പത്തനംതിട്ട∙ ശബരിമലയില്‍ തിരക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം അരമണിക്കൂര്‍ കൂട്ടി. ദര്‍ശനത്തിനു മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ടെങ്കിലും പരമാവധി ഭക്തരെ ദര്‍ശനം നടത്തിച്ചു മലയിറക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസും കേന്ദ്ര സുരക്ഷാസേനയും. റെക്കോര്‍ഡ് ഭക്തരെത്തിയ ഇന്നലെയുണ്ടായ തിരക്കില്‍പ്പെട്ടു മരക്കൂട്ടത്തില്‍ അഞ്ചുഭക്തര്‍ക്കു പരുക്കേറ്റിരുന്നു.ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കു പരുക്കേറ്റതില്‍ ദേവസ്വം സ്പെഷല്‍ കമ്മിഷണറോടു ഹൈക്കോടതി റിപ്പോര്‍ട്ടുതേടിയിരുന്നു. ഇന്ന് ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണു വിഷയം പരിഗണിച്ചത്.
ഈ മണ്ഡലകാലത്തെ ഏറ്റവും തിരക്കനുഭവപ്പെട്ട ഇന്നലെ മരക്കൂട്ടത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് ഭക്തര്‍ക്കു പരുക്കേറ്റത്. തിരക്ക് കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടാനാകുമോ എന്നു കോടതി ആരാഞ്ഞിരുന്നു. തന്ത്രിയോട് ആലോചിച്ച് അറിയിക്കാമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.
പാര്‍ക്കിങ് തീര്‍ന്നാല്‍ നിലയ്ക്കലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട കലക്ടര്‍ വെർച്വലായി കോടതിയില്‍ ഹാജരായി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പ്രതിദിന 85,000 പേര്‍ക്കായി ചുരുക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. തുടര്‍നടപടിക്കായി നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേരും.