ദില്ലി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹർജിയിൽ സംസ്ഥാനത്തിൻ്റെ മറുപടി കോടതി തേടിയിരുന്നു.
അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് ഇന്ന് കുറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് കുറഞ്ഞത്. പമ്പയിലും തിരക്ക് കുറവാണ്
അറുപതിനായിരത്തിലധികം പേരാണ് വെർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നാൽപതിനായിരത്തോളം പേർ ദർശനം നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ വലിയ തിരക്കുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സന്നിധാനത്തെ കടകളിൽ അധികൃതരുടെ പരിശോധന തുടരുകയാണ്. ചട്ട ലംഘനം നടത്തിയ കടകളിൽ നിന്ന് 51000 രൂപ പിഴ ഈടാക്കി.
അതിനിടെ, ശബരിമല സന്നിധാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ്. മണ്ഡലകാലത്ത് ഇതുവരെ 26 പാമ്പുകളെയാണ് ഇവർ പിടികൂടിയത്. കാനനപാതയിൽ കണ്ട മുർഖനെ പിടികൂടാനുള്ള പാമ്പുകളെ കാണുന്നത് പതിവാണ്. പമ്പയിലേയും സന്നിധാനത്തേയും കൺട്രോൾ റൂമുകളിലാണ് പാമ്പുകളെ കണ്ടാൽ വിവരമെത്തുക. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇവയെ പിടികൂടി സഞ്ചിയിലാക്കും. മൂന്ന് മൂർഖനുൾപ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി. പിടികൂടിയ പാമ്പുകളെ ഉൾവനത്തിൽകൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. കുറഞ്ഞത് രണ്ട് പാന്പിനെയെങ്കിലും ഉദ്യോഗസ്ഥർ ദിവസവും പിടികൂടുന്നുണ്ട്. പാമ്പ് പിടുത്തം മാത്രമല്ല, ഒടിഞ്ഞ് വീണ മരങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെ നിരവധി കാര്യങ്ങളിൽ സജീവമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.