കൊച്ചി: ശബരിമലയിലെത്തുന്ന കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന് ഹൈകോടതി. സാധാരണക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാസപൂജ സമയത്ത് ചെറിയ വാഹനങ്ങൾക്ക് ചക്കുപാലം രണ്ട്, ഹിൽടോപ് എന്നിവിടങ്ങളിൽ പാർക്കിങ് അനുമതി നൽകിയ കോടതി ഹാഷ്ടാഗും നിർബന്ധമാക്കി.
മാസ പൂജക്കുമുമ്പ് ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, സ്‌പെഷൽ കമീഷണർ, ദേവസ്വം എക്‌സിക്യൂട്ടിവ് എൻജിനീയർ എന്നിവർ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തണം. പാർക്കിങ് സംവിധാനങ്ങളും ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്‌പെഷൽ കമീഷണർ റിപ്പോർട്ട് നൽകണം. അടിസ്ഥാന സൗകര്യങ്ങളും മറ്റും വിലയിരുത്താൻ ഹൈകോടതി ദേവസ്വംബെഞ്ച് നടത്തിയ ശബരിമല സന്ദർശനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ.