പന്തളം : ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗം സംഘം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ഇക്കുറിയും ശിരസിലേറ്റുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള തന്നെയാണ്. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നത് കണക്കിലെടുത്ത് പന്തളം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ പ്രതിനിധി മൂലം നാള്‍ ശങ്കര്‍വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങള്‍ എഴുന്നള്ളിക്കും. 12 മണിയോടെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കും. ഒരു മണിക്ക് തിരുവാഭരണപെട്ടി പുറത്തേക്ക് എടുത്ത് ഗുരുസ്വാമി ശിരസിലേറ്റും. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂര്‍ ആറന്മുള അയിരൂര്‍ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും.
തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. കഴിഞ്ഞകൊല്ലം ഭക്തര്‍ക്ക് തിരവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. ഘോഷയാത്രക്ക് ഒപ്പമുള്ളവര്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. പൊലീസും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും പുറമെ അഗ്‌നി ശമന സേന അംഗങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാരും ഘോഷയാത്ര സംഘത്തിനൊപ്പം ഉണ്ടാകും. ശബരിമല മകരവിളക്ക് പ്രമാണിച്ച് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ത്ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.