ശബരിമല : ശബരിമലയില്‍ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. പകല്‍ 2.29ന് മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. അവിടെനിന്ന് സ്വീകരിച്ച് ആറിന് സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30ന് നടക്കും. തുടര്‍ന്ന് മകരജ്യോതി, മകരവിളക്ക് ദര്‍ശനം. സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ അറിയിച്ചു. സംക്രമവേളയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ശ്രീകോവിലില്‍ പ്രത്യേക പൂജ നടത്തിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കന്നിഅയ്യപ്പന്‍ എത്തിച്ച നെയ്ത്തേങ്ങകള്‍ ശ്രീകോവിലില്‍ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.