പത്തനംതിട്ട: അമ്മാവൻ്റെ മരണത്തെ തുടർന്ന് ശബരിമല മേൽശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കർമ്മങ്ങളിൽ നിന്ന് വിട്ടു നിൽക്കും. മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കൽ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്. പുല ഉണ്ടായതിനെ തുടർന്ന് ശബരിമല മേൽശാന്തി കെ ജയരാമന്‍ നമ്പൂതിരി 10 ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു. പകരം പൂജാകർമ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു.
മണ്ഡലകാലം അവസാനിക്കാനായതോടെ ശബരിമല ദർശനത്തിന് കൂടുതൽ പേർ എത്തിത്തുടങ്ങി. തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ നപ്പാക്കി. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തിരക്കുള്ള സമയങ്ങളിൽ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടി യിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്.