നെടുങ്കണ്ടം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി വാൻ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിൽ സഞ്ചരിച്ച 16 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.45 നാണ് മണ്ഡല കാലത്ത് തീർഥാടക വാഹനങ്ങൾ കടത്തിവിടുന്ന പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി ഭാഗത്ത് നിയന്ത്രണം വിട്ട മിനിവാൻ പാറക്കടവ് കപ്പാട്ട് റഫീഖിന്റെ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറിയത്.
അപകടത്തിൽ തമിഴ്‌നാട് ഡിണ്ടിക്കൽ സ്വദേശികളായ രംഗദുരൈ(28) വെങ്കിടേഷ്(47) രഘുരാജ് (33) മനോഹരൻ (50) തിരുപ്പതി (40) ആദർശന(7) ദുരൈ രാജ് (65) രാജരാജ് (47) പ്രഭു(35) ശേഖർ (48) ഗുരുനാഥൻ (55) സിദ്ധാർഥ്(10) ജഗദീഷ്(45) അൻസിക (11) പാണ്ടിചന്ദ്ര(12) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുനാഥനേറ്റ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ വാനും വീടിന്റെ ഏതാനും ഭാഗങ്ങളും തകർന്നു. പരിക്കേറ്റവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 നാണ് സംഘം ഡിണ്ടിക്കല്ലിൽ നിന്നും ശബരിമലയിലേയ്ക്ക് പുറപ്പെട്ടത്. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തിൽ തകർന്ന മുറിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി.