കൊച്ചി ∙ ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ നിലയ്ക്കൽ– പമ്പ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാകുമോയെന്നു സർക്കാരിനോടു ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ബസിൽ കയറാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി തീർഥാടകരിലൊരാൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണു വിഷയം ഹൈക്കോടതി സ്വമേധയാ പരിഗണിച്ചത്.
ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. മതിയായ ബസ് സൗകര്യം ഒരുക്കണം. ഡോളി ചുമക്കുന്നവർക്കു മതിയായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്നും വേണ്ട സൗകര്യങ്ങളുണ്ടോയെന്നും കോടതി ആരാഞ്ഞു. അനധികൃത പാർക്കിങ് കർശനമായി തടയണം. സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ദർശനം നടത്തിയവർ 10 ലക്ഷം കടന്നു
ശബരിമല ∙ നട തുറന്ന് ആദ്യ 17 ദിവസത്തിനുളളിൽ അയ്യപ്പസന്നിധിയിൽ ദർശനത്തിനെത്തിയവരുടെ എണ്ണം 10 ലക്ഷം കടന്നു. ഇതുവരെ ആകെ 10,10,757 പേരാണെത്തിയത്. കഴിഞ്ഞ 3 ദിവസത്തിൽ മാത്രം രണ്ടുലക്ഷത്തോളം ഭക്തരെത്തി. ശരാശരി അറുപതിനായിരത്തിനു മേലാണ് ദിവസേന ഇപ്പോൾ തീർഥാടകരുടെ എണ്ണം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ ഭൂരിഭാഗവും ദർശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 74,703 പേർ ബുക്ക് ചെയ്തതിൽ 73,297 പേരും ദർശനം നടത്തി.
ഏറ്റവും കൂടുതൽ പേരെത്തിയത് 28നാണ്. 84,005 പേർ. 30 ന് 60270പേരും 1 ന് 63460 പേരും സന്നിധാനത്തെത്തി. ഇന്നലെ 71,515 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. വൈകിട്ട് നാലു മണിയായപ്പോഴേക്കും 50,556 തീർഥാടകർ സന്നിധാനത്തേക്കെത്താറായിരുന്നു. ഉച്ച കഴിഞ്ഞ് ആദ്യ മണിക്കൂറിൽ അയ്യായിരം പേരിലധികമാണ് പമ്പയിലെത്തിയത്.
ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറുന്നത് ഏകദേശം 80 പേരാണെന്നാണ് വിലയിരുത്തൽ. ഒരു മണിക്കൂറിൽ 4800 പേർ. ദർശനത്തിന് സമയക്രമം രാവിലെ അഞ്ചിന് എന്നത് പുലർച്ചെ മൂന്ന് മുതലാക്കി. ഉച്ചയ്ക്ക് ശേഷം മൂന്നിനും നട തുറക്കും.