പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ മുഖേന വെർച്വൽ ക്യു ബുക്കിങ് നടത്തി തീർഥാടകർ എത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ചില ദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടാകാറുണ്ട്. വെർച്വൽ ക്യു വഴി ബുക്കുചെയ്‌തും സ്‌പോട്ട് ബുക്കിങ് നടത്തിയും പരമ്പരാഗതപാതയിലൂടെയും തീർഥാടകർ എത്തുന്നുണ്ട്. എന്നാൽ തീർഥാടകർ ഓൺലൈനായി ബുക്കുചെയ്‌ത് വരുന്നതാണ് ശബരിമലയ്‌ക്ക് അഭികാമ്യം. ഇത് സർക്കാർ ഇടപെട്ട് പ്രോത്സാഹിപ്പിക്കും. മറ്റ് മാർഗങ്ങൾ വിലക്കുകയില്ല.
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുപോവുകയാണ്. അനുമതിയുടെ കാര്യത്തില്‍ തടസ്സമില്ല. കേന്ദ്രസര്‍ക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായിത്തന്നെ വിമാനത്താവളം യാഥാര്‍ഥ്യമാക്കും. നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഇറക്കുന്ന സംവിധാനം ഭാവിയില്‍ ആലോചിക്കും.
ശബരിമലയില്‍ നിലവില്‍ ആവശ്യത്തിന് പൊലീസുകാരുണ്ട്. പന്തളവുമായി ബന്ധപ്പെട്ട് ബെന്യാമിൻ ഉന്നയിച്ച വിഷയങ്ങൾ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നദികളിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗൗരവമായാണ് ഇടപെടുന്നത്.
നദികള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വന്നുതുടങ്ങി. നദീ പുനരുജ്ജീവന പദ്ധതികളൊക്കെ ഇതിന് ഉദാഹരണമാണ്. തമിഴ്നാട്ടില്‍നിന്ന് തെങ്കാശിവഴി ശബരിമലയിലേക്ക് പുതിയ പാത സാധ്യമാണോ എന്നു പരിശോധിക്കും.
പെരുമ്പെട്ടി പട്ടയപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപെട്ട് സുപ്രീം കോടതിയിൽ കേസുണ്ട്. റവന്യൂവകുപ്പും വനംവകുപ്പും സംയുക്തമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയാണ്. ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരായ രക്ഷിതാക്കളുടെ ശാരീരിക -മാനസിക ക്ഷേമത്തിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
പത്തനംതിട്ട കേന്ദ്രമാക്കി സ്പിരിച്വല്‍ ടൂറിസം വിപുലമാക്കുന്നത് പരിശോധിക്കും. സഭാസമാധാനത്തിന് സഭകൾതന്നെ മുൻകൈയെടുക്കണം. വിദ്യാഭ്യാസരംഗമാണ് സർക്കാർ ഏറ്റവും ശ്രദ്ധിക്കുന്ന മേഖല. മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളെക്കൂടി ആകർഷിക്കാൻ കഴിയുന്ന നവീന കോഴ്‌സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.