തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വലിയതുറ പൊലീസ് സ്റ്റേഷനിലാണ് ശബരിനാഥ് ഹാജരായത്. ശംഖുമുഖം അസി. കമ്മീഷണർ പൃഥിരാജാണ് ശബരിനാഥിനെ ചോദ്യം ചെയ്യുക. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്ന് ശബരിനാഥ് വിമര്‍ശിച്ചു.
ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോൺഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണ്. പാർട്ടി നിർദ്ദേശപ്രകാരമല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്ക്രീൻ ഷോട്ടിലുള്ളത് തന്‍റെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നും പ്രതികരിച്ചു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെതെന്ന പേരിലും സ്ക്രീൻ ഷോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നീക്കം ശബരിനാഥ് പറയുന്നതായി ഈ സ്ക്രീൻ ഷോട്ടിലുണ്ട്. ഇതേ തുടർന്നാണ് ഗൂഡാലോചനയിൽ ചോദ്യം ചെയ്യാൻ. വിമാനത്തിനുളളിൽ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം സ്ക്രീൻ ഷോർട്ട് ചോർത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാർ തന്നെയാണെന്ന വിവാദവും സംഘടനയിൽ പുകയുകയാണ്.