തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ എ.എ. റഹീം എം.പി. എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടില്ല, തനിക്കും കൂടി ഡിപ്പോയിലേക്ക് പോകാൻ ടിക്കറ്റ് തരാനാണ് ആവശ്യപ്പെട്ടതെന്നും റഹീം പറഞ്ഞു. ‘ഇവിടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പച്ചക്കള്ളം ഞാന്‍ പറയാം. സച്ചിന്‍ദേവ് കയറി ആ വാഹനത്തില്‍ നിന്ന് എല്ലാവരേയും ഇറക്കിവിട്ടു. ശുദ്ധനുണയാണ്. അയാള്‍ കയറിയിട്ട് ആവശ്യപ്പെട്ടത് എനിക്കും കൂടി ഒരു ടിക്കറ്റ് താ, വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെ എന്നാണ്. വഴിയില്‍ വാഹനം നിര്‍ത്തേണ്ടി വന്നാല്‍ സാധാരണഗതിയില്‍ നിയമാനുസൃതമായി ചെയ്യുംവിധം വേറെ വാഹനങ്ങളില്‍ കയറ്റിവിടാനാണ് ബസിന്റെ അധികൃതര്‍ ശ്രമിച്ചത്. പൊലീസ് വന്ന് ആരേയെങ്കിലും ഇറക്കിവിടുമോ?’ -റഹീം മാധ്യമങ്ങളോട് പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണം നടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ട. അവര്‍ ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു.