ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
“ഞാൻ ഇന്ന് കോൺഗ്രസ് അധ്യക്ഷയെ കണ്ടു. അവര്‍ ശാന്തമായി ഞാൻ പറയുന്നത് ശ്രദ്ധിച്ചു. ജയ്പൂരിൽ എന്ത് സംഭവിച്ചെന്ന് ഞങ്ങൾ വിശദമായ ചർച്ച നടത്തി. ഞാൻ അദ്ധ്യക്ഷയോട് എന്‍റെ വികാരങ്ങളും പ്രതികരണങ്ങളും അറിയിച്ചു. 2023ലെ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കഠിനാധ്വാനത്തിലൂടെ വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടി വരും” സച്ചിന്‍ പൈലറ്റ് പറഞ്ഞു.
“രാജസ്ഥാന്‍റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കാനും കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് അധികാരമുണ്ട്. അടുത്ത 12-13 മാസത്തിനുള്ളിൽ ഞങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഞങ്ങൾ വീണ്ടും കോൺഗ്രസ് സർക്കാർ ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സച്ചിന്‍ കൂട്ടിച്ചേർത്തു.
തന്‍റെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് സാധ്യമായ നേതൃമാറ്റത്തെച്ചൊല്ലി ഗെലോട്ടിന്‍റെ വിശ്വസ്തർ ഉയര്‍ത്തിയ തുറന്ന കലാപത്തിന് തൊട്ടുപിന്നാലെയാണ് ഗെലോട്ട് നിലപാട് വ്യക്തമാക്കിയത്.
സച്ചിന്‍ പൈലറ്റ് അടുത്ത മുഖ്യമന്ത്രിയാകുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച രാജസ്ഥാൻ എംഎൽഎമാരിൽ വലിയൊരു വിഭാഗം ജയ്പൂരിലെ മുഖ്യമന്ത്രി ഗെലോട്ടിന്റെ വസതിയിൽ പാർട്ടിയുടെ കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചത് ശ്രദ്ധേയമാണ്. പകരം ഗെലോട്ടിന്റെ കടുത്ത അനുയായിയായ സംസ്ഥാന കാബിനറ്റ് മന്ത്രി ശാന്തി ധരിവാളിന്‍റെ വസതിയിൽ സമാന്തര യോഗം ചേർന്നു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗെലോട്ടിനെ ദില്ലിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം വിളിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സച്ചിനുമായുള്ള കൂടികാഴ്ച.