പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ച പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ സസ്പെന്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പനാണ് സസ്പെന്‍ഡ് ചെയ്തത്. തന്റെ നോമിനേഷന് ഷാഫി പറമ്പില്‍ ഇടപെട്ട് തള്ളിക്കളഞ്ഞുവെന്നായിരുന്നു സദ്ദാം ഹുസൈനിന്റെ ആരോപണം. ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണമാണ് സദ്ദാം ഹുസൈന് ഉന്നയിച്ചിരുന്നത്.
‘യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍ ശ്രമിക്കുന്നു, ബി.ജെ.പി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ട്’. ഷാഫിയുടെ റിയല്‍ എസ്റ്റേറ്റ് സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും സദ്ദാം ഹുസൈന് പറഞ്ഞു. ”യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റാണ്. വീണ്ടും അതേസ്ഥാനത്തേക്ക് തന്നെ നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചു. എന്നാല്‍ സമര്‍പ്പിച്ച് നാമനിര്‍ദേശപ്പത്രിക തള്ളുകയായിരുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അത് തള്ളിയതെന്നും സദ്ദാം ഹുസൈന് ആരോപിച്ചിരുന്നു.