പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി പാലക്കാട് മണ്ഡലം പ്രസിഡണ്ട് സദ്ദാം ഹുസൈന്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഷാഫി പറമ്പില്‍ അട്ടിമറിക്കുന്നുവെന്നും തന്റെ നോമിനേഷനെതിരെ പരാതി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. ബിജെപിക്കെതിരെ സമരം ചെയ്യരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
തനിക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയിരുന്നു. എല്ലാ കേസുകളും രാഷ്ട്രീയ കേസുകളാണ്. ഒരു കേസിലും താന്‍ ശിക്ഷിക്കപ്പെട്ടില്ല. ഷാഫി പറമ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാണ് നോക്കുന്നത്. ഒരാള്‍ക്കെതിരെയും ഐ ഗ്രൂപ്പ് പാലക്കാട് പരാതി കൊടുത്തിട്ടില്ലെന്നും സദ്ദാം ഹുസൈന് വ്യക്തമാക്കി. പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് ജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കാന്‍ ശ്രമിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. നിലവില്‍ താനാണ് നിയോജക മണ്ഡലം പ്രസിഡന്റ്. ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പെങ്കില്‍ ആ നിലയില്‍ മത്സരം നടത്തണം. വാക്കോവറിലൂടെ ഒരാളെ നിര്‍ത്തി ജയിപ്പിക്കുന്നത് ജനാധിപത്യ രീതിയല്ല. കെപിസിസി സെക്രട്ടറി ചന്ദ്രനെ മുന്‍നിര്‍ത്തി ഷാഫി പറമ്പിലാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. താന്‍ ചുമതലയേറ്റത് മുതലുള്ള സമര പരിപാടികളുടെ രേഖ തന്റെ പക്കലുണ്ട്. ഒരു ചെറുപ്പക്കാരനും നീതി നിഷേധിക്കരുത്. സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഷാഫിയുടെ ശ്രമമെന്നും സദ്ദാം ഹുസൈന് പറഞ്ഞു.