തൃശ്ശൂര്‍: രാമക്ഷേത്രവും അയോധ്യയിൽ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെള്ളത്തിന് തീ പിടിക്കുമ്പോൾ അത് കെടുത്താൻ ആണ് തങ്ങൾ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങൾ വർഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോൾ സംഘർഷം ഒഴിവാക്കാനാണ് തങ്ങൾ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
സാഹിത്യ അക്കദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാർട്ടി ഓഫീസ് പോലെയാണ് ഇന്നത് പ്രവർത്തിക്കുന്നത്. കെ സച്ചിദാനന്ദനെ വെറുതെ ആലങ്കാരികമായി അവിടെ ഇരുത്തി ഇരിക്കുകയാണ്. അതിന്റെ പ്രശ്നമാണ് ഇന്ന് അനുഭവിക്കുന്നത്. അക്കാദമിയെ സ്വന്തന്ത്രമാക്കി വിടണം. മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗിക വശങ്ങൾ മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്തും. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ ഒരു പോറൽ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സീറ്റ് ചോദിക്കാൻ ലീഗിന് യോഗ്യത ഉണ്ടെന്ന് കെ മുരളീധരൻ എംപിയും ഇന്ന് പറഞ്ഞു. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് കൊടുത്ത ചരിത്രവും ഉണ്ട്. മൂന്നാം സീറ്റ് ആവശ്യം ഹൈക്കമാന്റുമായി ആലോചിച്ചു ഉചിതമായി തീരുമാനിക്കും. മുസ്ലിം ലീഗുമായും ചർച്ച നടത്തും. യുഡിഎഫിൽ സീറ്റ് ചർച്ചകൾ ഭംഗിയായി പൂർത്തിയാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. മുസ്ലിം ലീഗുമായി പ്രശങ്ങൾ ഒന്നും ഇല്ല. എല്ലാ കാലത്തും സ്നേഹത്തിലാണ്. കോൺഗ്രസ് സ്ഥാനാർഥി നിർണയം ഒറ്റ ദിവസംകൊണ്ട് പൂർത്തിയാവില്ല. സിറ്റിംഗ് എം പി മാർ മത്സരിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.