തൃശ്ശൂർ : 27 ലക്ഷത്തിലേറെ രൂപ ചെലവിട്ട് കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ ഗ്രന്ഥസൂചിയിൽ തെറ്റുകളുടെ കൂമ്പാരം. 2000-2005 കാലത്തെ ഗ്രന്ഥസൂചിയാണ് ഇതുവരെ ഇറങ്ങാതെ മുടങ്ങിയത്. തയ്യാറാക്കാൻ അക്കാദമി ചെലവഴിച്ചത് 25,81,110 രൂപയാണ്. വസ്തുതാപരമായ തെറ്റുകൾ മാറ്റി പുതുക്കിയിറക്കാൻ വീണ്ടും പണമായതോടെ ചെലവ് 27 ലക്ഷമായി. ഡോ. എൻ. സാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആദ്യം ഗ്രന്ഥസൂചി തയ്യാറാക്കിയത്. പിന്നീട് ഭരണസമിതി മാറിയപ്പോൾ തെറ്റുകൾ മാറ്റാനായി മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി. ഇതിനായി പിന്നീട് വൻതുക ചെലവഴിച്ചു. ഇതിനു പുറമേ സാങ്കേതിക സഹായം നൽകിയതിന് കെ.എസ്. ഹുസൈന് ഒരു ലക്ഷം രൂപ പ്രതിഫലം നൽകിയതായും അക്കാദമിയുടെ കണക്കുകളിലുണ്ട്. എന്നാൽ എന്ത് സാങ്കേതികസഹായമാണെന്ന് വ്യക്തമാക്കുന്നില്ല. തയ്യാറാക്കാൻ വേണ്ടിവന്ന ചെലവുകൾ എന്നാണ് അക്കാദമി രേഖകളിലുള്ളത്. തെറ്റുകളുള്ള ഗ്രന്ഥസൂചി അച്ചടിച്ചെങ്കിലും പുറത്തുവിട്ടിട്ടില്ല, തെറ്റുകൾ മാറ്റിയ ഗ്രന്ഥസൂചിയുടെ കോപ്പികൾ കംപ്യൂട്ടർ പ്രിന്റെടുത്ത് നൽകുന്നുണ്ട്.
മലയാളത്തിലെ പുസ്തകങ്ങളുടെ വിശദവിവരങ്ങളാണ് സാഹിത്യ അക്കാദമി പുറത്തിറക്കുന്ന ഗ്രന്ഥസൂചി. ആറ് വോള്യങ്ങളായി 1995 വരെയുള്ള ഗ്രന്ഥസൂചി പുറത്തിറക്കി. 1996 മുതൽ 2000 വരെയുള്ള ഗ്രന്ഥസൂചിയും തയ്യാറാക്കിയിട്ടുണ്ട്. അതിനു ശേഷമുള്ളതാണ് മുടങ്ങിയത്. കേരള സാഹിത്യ അക്കാദമി 27 ലക്ഷം ചെലവിട്ട് അച്ചടിച്ച മലയാളസാഹിത്യചരിത്രം ഗ്രന്ഥവും പിഴവുകൾ കാരണം വിറ്റഴിക്കാനാകാതെ സൂക്ഷിച്ചിരിക്കുകയാണ്. ഒൻപത് വാല്യങ്ങളിലായി സമ്പൂർണ സാഹിത്യചരിത്രം പ്രസിദ്ധപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി 80 ലക്ഷം വകയിരുത്തിയത് പെരുന്പടവം ശ്രീധരൻ അക്കാദമി ചെയർമാനായിരുന്ന കാലത്താണ്. ഏഴ് വാല്യങ്ങൾ 1,000 കോപ്പി വീതം അച്ചടിച്ചു. ജനറൽ എഡിറ്റർക്ക് ആറുലക്ഷവും വാല്യം എഡിറ്റർക്ക് 50,000 രൂപയും ഓരോ പേജ് എഴുതുന്നവർക്ക് 500 രൂപയുമായിരുന്നു പ്രതിഫലം. ആറ് വാല്യങ്ങൾ അച്ചടിച്ചപ്പോൾ ഭരണസമിതി മാറി. പിന്നീട് വന്ന സമിതി പുതിയ വാള്യങ്ങളിലേക്കുള്ള ഇനങ്ങളുടെ പരിശോധനനടത്തിയപ്പോൾ തെറ്റുകൾ കണ്ടെത്തി. അതിനാൽ അച്ചടി നിർത്തി. അച്ചടിച്ചവെയെല്ലാം അക്കാദമി കെട്ടിെവെച്ചിരിക്കുകയാണ്.